റേപ്പ് ചെയ്യപ്പെടാതിരിക്കാനായി ആത്മഹത്യ ചെയ്ത പെൺകുട്ടി

0
241
A girl committed suicide for not getting herself raped

“ഈ ലോകം സ്ത്രീകളുടേതാണെന്ന്. ആരു പറഞ്ഞു? പറഞ്ഞത് ഒരു പുരുഷൻ ആയിരിക്കും. ആവും. അല്ല, ആണ്.
സ്ത്രീ ഒന്നുറക്കെ കരഞ്ഞാൽ, ഒന്ന് ഒച്ച വച്ചാൽ അതിന്റെ ഫലം അനുഭവിക്കുന്നത് പുരുഷന്മാരാണെന്നാണ് എല്ലാരും പറയുന്നെ. എന്നാൽ അല്ല. ഒന്നുറക്കെ കരഞ്ഞാലോ , ഒച്ച വച്ചാലോ ഓടി വരുന്ന ഒരു കൂട്ടം ആളുകളുണ്ടായിരുന്നു, ഇപ്പോഴല്ല. പണ്ട്. വർഷങ്ങൾക്കു മുൻപ്. ഒരു തലമുറയ്ക്ക് മുൻപ്. ഇപ്പോൾ കാലം മാറി. ടെക്നോളജി വളർന്നു. ഒപ്പം മനുഷ്യർ തമ്മിലുള്ള അകലവും. പക്ഷെ എന്തൊക്കെ പറഞ്ഞാലും, രക്ഷിക്കാൻ വരുന്ന ഒരു കൂട്ടം ആളുകൾ ഇപ്പോഴും ഉണ്ട് കേട്ടോ. ഒന്നല്ല ഒന്നിലധികം ഉണ്ട്. ആരൊക്കെയാണെന്നല്ലേ. കൊച്ചു പുസ്തകത്തേക്കാൾ തരം താഴ്ന്ന കഥകൾ എഴുതി പിടിപ്പിക്കുന്ന മാധ്യമ വേശ്യകൾ, മുതലെടുപ്പിന് വരുന്ന പീറ രാഷ്ട്രീയക്കാർ, പിന്നെ… പിന്നെ… മാംസത്തോട് ആർത്തി പിടിച്ച ഒരു പറ്റം ചെന്നായ്ക്കൾ. ഇവരേക്കാൾ നികൃഷ്ടമായ മറ്റൊരു കൂട്ടമില്ല. ഒന്നു വീണു പോയാൽ സഹായിക്കാനെന്ന മട്ടിൽ വന്നു, സ്ത്രീയുടെ മാംസത്തിൽ തഴുകി സംതൃപ്തി കണ്ടെത്തുന്നവർ. വഴിയരികിൽ വണ്ടിയിടിച്ചു ചത്തു മലച്ചു കിടക്കുന്ന കണ്ടാലും, രക്തത്തിൽ കുളിച്ച മാറിടത്തിലേക്കും, താളം തെറ്റി കിടക്കുന്ന വസ്ത്ര വിടവിലേക്കും, പിന്നെ… കാണാൻ പറ്റുമെങ്കിൽ കാലിന്റെ ഇടയിലേക്കും നോക്കി കാമ ദാഹം ശമിപ്പിക്കുന്നവർ. സ്ത്രീയുടെ ശരീരത്തോടുള്ള ആർത്തി. സ്ത്രീ ഒരു ചരക്കല്ലേ. പുരുഷന്മാർക്ക് ഉപയോഗിക്കാനുള്ള ഒരു ചരക്ക്. എന്നിട്ടും ലോകം സ്ത്രീകളുടേതാണത്രേ….
ഈ ലോകം പുരുഷന്റേതാണ്. പുരുഷന്റെത് മാത്രം. ഞങ്ങൾ സ്ത്രീകൾ അവരുടെ അടിമകൾ മാത്രം. അവന്റെ “വിശപ്പും ദാഹവും” ശമിപ്പിക്കാൻ അടിമപ്പെട്ട ജീവനുള്ള ശരീരം. ഒരു സ്ത്രീ എത്ര ഉയരത്തിലായാലും,എത്ര ഉന്നത പദവിയിൽ ആയാലും, അവളെ ആരും ഒരു പുരുഷനെ ഗൗനിക്കുന്ന പോലെ ഗൗനിക്കില്ല. വീട്ടിൽ എത്തിയാൽ അവൾ വെറും പെണ്ണാണ്.. വെറും പെണ്ണ്. ഒരു “കാമ ശമിനി”.

ഒരു പെണ്ണിനെ പിച്ചയെടുത്ത് ജീവിക്കാനെങ്കിലും നിങ്ങൾ പുരുഷന്മാർ അനുവദിക്കുമോ? ഇല്ല. നിങ്ങൾ അവൾക്ക് അതിലും മാന്യമായൊരു തൊഴിൽ കൽപ്പിച്ചു നൽകിയിട്ടുണ്ടല്ലോ. വേശ്യാവൃത്തി. പെണ്ണിനെ നിങ്ങൾ എങ്ങനെയെങ്കിലും ആ തൊഴിലിലേക്ക് എത്തിക്കുമല്ലോ. പെണ്ണൊന്നു പിച്ചക്കായി കൈ നീട്ടിയാലും അവളുടെ ശരീരത്തിനു വില പറയുന്ന കാമ ഭ്രാന്തന്മാർ. പെണ്ണോന്നു രാത്രി പുറത്തിറങ്ങിയാൽ അവൾ വേശ്യ, പിഴച്ചവൾ. കപട സദാചാരവാദികളുടെ ഇരയാകാത്ത്ത രാത്രി ജോലിക്ക് പോകുന്ന എത്ര പെൺകുട്ടികൾ ഉണ്ട്? പണ്ട് എന്റെ അമ്മ പറയാരുണ്ടായിരുന്നു, പെൺകുട്ടികൾ ഈയാം പാറ്റകളെ പോലെ ആണെന്ന്. രാത്രി തനിക്കു കൂടി അവകാശപ്പെട്ടതാണെന്ന് വിചാരിക്കുന്ന പെൺകുട്ടികളും, ഈ ലോകത്തു പാറി പ്പറക്കാൻ തനിക്കു കൂടി അവകാശമുണ്ടെന്ന് വിചാരിക്കുന്ന ഈയാം പാറ്റകളും ഒരേ തൂവൽ പക്ഷികൾ.

കാമ വെറി പിടിച്ച മാധ്യമങ്ങൾ… അവരെ കുറിച്ച് പറയാതെ വയ്യ. മാധ്യമ വ്യേശ്യകൾ… ഒരു പെണ്ണ് പീടിപ്പിക്കപ്പെട്ടാൽ, അതു ആഘോഷിക്കാൻ കാത്തിരിക്കുന്ന കുറേയെണ്ണമുണ്ടിവിടെ. മസാല ചേർത്ത് അതു പിറ്റേ ദിവസത്തെ പത്രത്തിലും ടി.വി ലും വരും. ഒരാഴ്ച പിന്നെ അവർക്ക് ആഘോഷമാണ്. അവളെ എത്ര തവണ പീഡിപ്പിച്ചു, എവിടെയൊക്കെ കൊണ്ട് പോയി പീഡിപ്പിച്ചു, എങ്ങനെയൊക്കെ പീഡിപ്പിച്ചു. ഏതൊക്കെ ഉന്നതർ ഉണ്ട്, പീടിപ്പിച്ചതിന്റെ എത്ര ക്ലിപ്പുകൾ ഉണ്ട്… അങ്ങനെ നീണ്ടു പോകും പീഡന വിശേങ്ങൾ. പീഡിപ്പിക്കപ്പെട്ട പെണ്ണിനെ കോടതിയിൽ വച്ചു വക്കീലന്മാർ വീണ്ടും പിച്ചി ചീന്തും വാക്കുകൾ കൊണ്ട്. അവസാനം പറയും, അവൾ രാത്രി പുറത്തിറങ്ങിയത് കൊണ്ടാണ്, അവളുടെ വസ്ത്രം ഇറുകിയതായിരുന്നു, അവൾ ഒരു നിംഫൊമാനിയാക്ക് ആണ്, അതെ കാമ ഭ്രാന്തി. അവളെ ബാലാല്സന്ഘം ചെയ്ത അവൻ പുണ്യാളൻ. ഇതു മാധ്യമങ്ങള്ക്ക് മുന്നിൽ എത്തുമ്പോ മസാല ഒന്ന് കൂടെ കൂടും. നിർഭയ… പീഡനത്തിന് ഇരയായ ഒരുവൾക്ക്‌ നിങ്ങൾ നൽകിയ ഓമനപ്പേര്… പുച്ഛം തോന്നുന്നു എനിക്ക് നിങ്ങളുടെ സഹതാപത്തിനോട്. ഓ, ഞാൻ പറയാൻ വന്ന കാര്യം മറന്നു. നിർഭയക്കു മുൻപ് ഒരു ഗ്യാങ്ങ് റെയപ്പ് നിങ്ങൾ കേട്ടിടുണ്ടോ? ഇല്ല. ഉണ്ടാവാൻ വഴിയില്ല. എനാൽ അതിനു ശേഷം നടന്നവയെ കുറിച്ചോ. ദിവസവും ഒന്നും രണ്ടും ഗ്യാങ്ങ് റെയപ്പ് ആണ് മാധ്യമ വ്യേശ്യകൾ കൊണ്ടാടിയത്. അതിനു ശേഷം ഗ്യാങ്ങ് റെയപ്പ് ഒരു ട്രെൻഡ് ആയി. ഇല്ല എന്ന് നിങ്ങൾക്ക് പറയാമോ? പെണ്ണിനെ ഒറ്റക്ക് ബലാൽസംഘം ചെയ്യുന്നതിനേക്കാൾ കൂട്ടമായി ചെയ്യുന്നതായി നിങ്ങൾക്ക് രസം. ഇതെല്ലാത്തിനും കാരണം മാധ്യമങ്ങൾ ആണു. അവര് അന്നത് ആഘോഷിച്ചില്ലായിരുന്നെങ്കിൽ, മണിക്കൂറുകൾ തോറും കഥകൾ ഉണ്ടാക്കിയില്ലായിരുന്നെകിൽ, അതു ചെയ്തവന്മാരെ ഇന്റർവ്യൂ എടുത്തു ഹീറോകൾ ആക്കിയില്ലായിരുന്നെങ്കിൽ, ഒരു പക്ഷെ മറ്റൊരു ഗ്യാങ്ങ് റെയപ്പ് ഉണ്ടാവില്ലായിരുന്നു. മാധ്യമങ്ങളിൽ വന്ന വിവരണങ്ങൾ ശരിക്കും പലർക്കും ഞങ്ങളെ ഗ്യാങ്ങ് റെയപ്പ് ചെയ്യാനുള്ള ഇൻസ്പിരെഷൻ ആവുകയാണ് ചെയ്തത്. നിങ്ങൾ പുരുഷന്മാരിൽ ഉറങ്ങി കിടന്ന പൈശാചികതയെ ഉണർത്തുകയാണ് ചെയ്തത്. ആ ഒരു കാരണം കൊണ്ട് എനിക്കു ഒരിക്കലും നിങ്ങൾ മാധ്യങ്ങളോട് പൊറുക്കാനാവില്ല.

മരിക്കാൻ പേടി ആയതിനാലാണ് ഞാൻ ഇത്രയും കാലം ജീവിച്ചത്. എന്നാൽ ഇപ്പോൾ എനിക്കു ജീവിക്കാൻ പേടിയാണ്. കഴുകന്റെ കണ്ണിനു കാമ വെറി വന്നാൽ എങ്ങനെയിരിക്കുമെന്ന് നിങ്ങൾ പുരുഷന്മാർക്ക് അറിയാമോ? ഇല്ല.അതിനു നിങ്ങൾ ഒരു സ്ത്രീ ആയി ജനിക്കണം. അപ്പോഴേ മനസിലാവൂ, ശരീരത്തെ കൊത്തി പ്പറിക്കുന്ന കാമ വെറി പിടിച്ച കഴുകൻ കണ്ണുകളെ പറ്റി. ബസ്സിൽ ഇരിക്കുമ്പോൾ, റോഡിലൂടെ നടക്കുമ്പോൾ, ക്ലാസ്സിൽ ഇരിക്കുമ്പോൾ, എന്തിനു ഇപ്പോൾ സ്വന്തം വീട്ടിൽ ആയാൽ പോലും, കഴുകൻ കണ്ണുകൾ ഒരു സ്ത്രീയെ പിന്തുടർന്ന് കൊണ്ടേ ഇരിക്കും.

ജീവിക്കാൻ പേടി ആണെങ്കിലും, ജീവിച്ചു കൊതി തീർന്നിട്ടില്ല. ഈ ലോകത്ത് ഒന്നു പാറി പറന്നു നടന്നു മതിയായിട്ടില്ല. പക്ഷെ.. പക്ഷെ.. ഓരോ ദിവസവും ഇങ്ങനെ ഭയന്നു ജീവിക്കുന്നതിനേക്കാൾ ഭേദം മരണം ആണു . അതു കൊണ്ട് മാത്രം ഞാൻ മരണം തെരഞ്ഞെടുക്കുന്നു. മരിക്കാൻ പേടി ഉണ്ടെങ്കിൽ കൂടി. മറ്റൊരു നിർഭയ ആകാൻ എനിക്കു വയ്യ, മറ്റൊരു സൗമ്യ ആവാൻ എനിക്ക് വയ്യ. എത്ര ദിവസം ഞാൻ അവരെ ചെറുത്തു നിൽക്കും? പുറത്ത് മാന്യന്മാർ ആണു. നാട്ടുകാർക്കിടയിൽ നല്ല പേരുള്ളവർ. പക്ഷെ, അവർ.. അവർ… വെറും പകൽ മാന്യന്മാർ മാത്രമാണ്. എല്ലാം നാട്ട്യം. ഇതൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല. റെയപ്പ് ചെയ്തവന്മാരെ തൂക്കി കൊല്ലുന്നു എന്ന് പറഞ്ഞു ജയിലിലേക്ക് അയക്കുന്നതല്ലാതെ , ആരെയും തൂക്കി കൊന്നതായി ഒരറിവുമില്ല. ഞങ്ങളെ പീടിപ്പിച്ചിട്ടു, ഞങ്ങളുടെ പൈസ കൊണ്ട് ജയിയിലിൽ ഉണ്ടുറങ്ങി സുഖിക്കുന്നു. ഗോവിന്ദ ചാമിക്ക്‌ ജയിലിനു പുറത്തായിരുന്നേൽ, പട്ടിണി കിടക്കാതിരിക്കാൻ പിച്ചയെടുക്കേണ്ടി വന്നേനെ. എന്നാൽ, ഒരു മൃഗീയമായി പീഡിപ്പിച്ചു കൊന്നത് കൊണ്ട് മാത്രം, ഒരു പണിയും ചെയ്യാതെ, മൂന്നു നേരം, നല്ല ഭക്ഷണം കഴിച്ചു ജീവിക്കാം. ഇതാണ്‌ ഇന്നത്തെ ലോകം.
അത് കൊണ്ട്, പീഡിപ്പിക്കപെടാതിരിക്കാൻ, ഞാൻ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നു. മരണം കൊണ്ട് എല്ലാം തീരില്ല എന്നറിയാം. ജീവനില്ലാത്ത എന്റെ ശരീരം പോലും വേട്ടയാടപ്പെടും. എന്നാൽ,അതൊന്നും ഞാൻ അറിയില്ലല്ലോ. കൊല്ലാകൊലയുടെ വേദന അറിയണ്ടല്ലോ. ശരീരം ജീർണിച്ച്ഴുകി മണ്ണിലടിയുമ്പോഴെങ്കിലും എന്റെ ഈ പെൺ ശരീരത്തിനു മോക്ഷം ലഭിക്കട്ടെ. ലഭിക്കുമായിരിക്കും അല്ലെ…..???”
അതു വായിച്ച പോലീസ് ഇൻസ്പെക്ടർ പോക്കെറ്റിൽ നിന്ന് തൂവാല എടുത്തു,തൻറെ കണ്ണീർ തുടച്ചു. അപ്പോഴും പുറത്ത് ഒരു പറ്റം മാധ്യമ പ്രവര്ത്തകരും, നാട്ടുകാരും, അകത്തേക്ക് തള്ളി ക്കയരുന്നുണ്ടായിരുന്നു. തൂങ്ങിയാടുന്ന അവളുടെ ശവ ശരീരത്തിന്റെ ഫോട്ടോ എടുക്കാൻ.
അവിടെ ഒരു മൂലയില, ഒരമ്മ അപ്പോൾ വാവിട്ടു കരയുന്നുണ്ടായിര്ന്നു. ഒരച്ഛൻ കണ്ണീർ പോഴിക്കുന്നുണ്ടായിരുന്നു. അത് ആരെങ്കിലും കണ്ടോ ആവോ? ആ കരച്ചിൽ കേട്ടോ ആവോ?

LEAVE A REPLY

Please enter your comment!
Please enter your name here